നെടുമ്പാശേരി വാഹനാപകടം: സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പ്രേരണക്കുറ്റം
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പ്രേരണക്കുറ്റം ചുമത്തി പൊലീസ്. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് നടപടി. ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരായ ആരോപണം. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ കാർ ഓടിച്ചതിന്റെ ദൃശ്യങ്ങളും പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കുന്നതിൽ അന്തിമ നടപടിയുണ്ടാകും.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കാറിലെ ഇവന്റ് ഡാറ്റ റെക്കോർഡർ (ഇഡിആർ) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ നിർണായക വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ഇതിനായി ബിഎംഡബ്ല്യുവിൽനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഈ പരിശോധനയിലൂടെ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
