മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ്
തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയൻ, മകൾ വീണ ടി, മുഹമ്മദ് റിയാസ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ ടി രണ്ടാം പ്രതിയായും ഉൾപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ ടി രണ്ടാം പ്രതിയായും രേഖപ്പെടുത്തിയിട്ടുണ്ട്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ സ്വാഗതം ചെയ്തു. പിണറായി വിജയൻ ഒന്നാം പ്രതിയായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മൂന്ന് വർഷം മുമ്പ് വിഷയം ഉയർത്തിയപ്പോൾ തന്നെ പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം നടത്തിയാലേ മാസപ്പടി കേസിലെ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയൂവെന്ന് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. അന്ന് തനിക്കെതിരെ എതിർപ്പുകളും ഭീഷണികളും ഉയർന്നിരുന്നുവെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
പിണറായി വിജയനും കുടുംബവും വലിയ കൊള്ള നടത്തിയെന്ന ആരോപണവും മാത്യു കുഴൽനാടൻ ഉന്നയിച്ചു. വിഷയം ഗൗരവമായി കാണാൻ സിപിഎം തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാർ സമ്മർദത്തെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതമായതെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. അന്വേഷണത്തിന്റെ പുരോഗതി ബിജെപി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അന്വേഷണത്തിൽ ഒത്തുകളി കണ്ടെത്തിയാൽ ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
