ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബത്തിന് പിന്തുണ ഉറപ്പ് നൽകി
എറണാകുളം: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരെ ആശ്വസിപ്പിക്കുകയും ആവശ്യങ്ങൾ കേൾക്കുകയും ചെയ്തു. സർക്കാർ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു.
അഭിഭാഷകന് വക്കാലത്ത് നൽകിയത് സ്വന്തം തീരുമാനപ്രകാരമാണെന്നും ഇതിന് പിന്നിൽ ആരുടെയും ഭീഷണിയില്ലെന്നും ഭദ്രകീർത്തി വ്യക്തമാക്കി. ഇന്ന് കോടതിയിൽ ഹാജരായ ശ്രീജിത്ത് വക്കീലിനാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയത്. അഭിഭാഷകനെ മാറ്റുന്നതിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്നും മറ്റൊരു വക്കാലത്ത് നൽകിയെന്ന വിവരം അറിയില്ലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ കുടുംബത്തിന്റെ ആശങ്കകൾ അറിയിച്ചതായും ഭദ്രകീർത്തി കൂട്ടിച്ചേർത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. പ്രതികളുമായി ബന്ധമുള്ളവരിൽനിന്നും ആരും വിളിച്ചിട്ടില്ല. സ്ഥലംമാറ്റത്തിൽ വിഷമമില്ലെന്നും സർക്കാർ ജീവനക്കാരനായതിനാൽ സ്ഥലംമാറ്റം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വേദി ലഭിക്കാത്തതിനാലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു.
