KeralaTrending News

കനത്ത മഴ; അഞ്ച് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മഴക്കെടുതിയെ തുടര്‍ന്ന് 5 താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കുകളിലാണ് അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാല് പേരെ കാണാനില്ല. ദുരിത ബാധിതര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എട്ട് ലക്ഷം രൂപയും വീടുകള്‍ നഷ്ടമായവര്‍ക്ക് ആറ് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പന്ത്രണ്ട് ലക്ഷം രൂപയുമാണ് സഹായധനം. 67.44 കോടി രൂപയുടെ നഷ്ടമാണ് ആകെയുണ്ടായത്. എല്ലാ ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണവും മരുന്നുമുണ്ടെന്നും പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്നും ഏകോപനമില്ലെന്നുമാണ് പ്രതിപക്ഷ വിമര്‍ശനം. പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്ക് ഇല്ലെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ റവന്യൂ വകുപ്പ് ഉണ്ടോ എന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ചോദിക്കുന്നിവെന്ന് കെ രാജന്‍ എംഎല്‍എ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടുമെന്ന് ഭയന്ന് തന്നെ അവലോകന യോഗത്തിലേക്ക് വിളിച്ചില്ലെന്ന വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ രംഗത്തെത്തി. യോഗത്തിലേക്ക് എംഎല്‍എമാരെ ക്ഷണിച്ചിരുന്നില്ല എന്ന് വി ഡി സതീശന്‍ പറഞ്ഞു.