KeralaTrending News

CMRL–എക്സാലോജിക് കേസ്; ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് എജിയുടെ നിയമോപദേശം. ഇ.ഡി ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉന്നയിച്ച കാര്യങ്ങളിൽ സംസ്ഥാന ഏജൻസികൾക്ക് അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ തടസമില്ലെന്നാണ് എജിയുടെ നിലപാട്.

ഏത് രീതിയിലുള്ള അന്വേഷണം വേണമെന്നത് സംസ്ഥാന വിജിലൻസിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് ഇതേ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുൻ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുതിയ അന്വേഷണത്തിന് തടസമാകില്ലെന്നാണ് നിയമോപദേശത്തിലെ നിലപാട്. ഇതോടെ തുടർനടപടിയിൽ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും ആഭ്യന്തര വകുപ്പിനാണ് തീരുമാനമെടുക്കേണ്ടത്. CMRL–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി സെക്ഷൻ 66(2) പ്രകാരം സംസ്ഥാന പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഏജൻസികൾ തുടർനടപടി സ്വീകരിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.