KeralaTrending News

16കാരിക്ക് നൽകിയത് മറ്റൊരു രോഗിയുടെ എക്‌സ് റേയും മരുന്നും ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. 16 വയസുകാരിക്ക് മറ്റൊരു രോഗിയുടെ എക്‌സ് റേ ഫലം അടിസ്ഥാനമാക്കി ചികിത്സ നൽകിയെന്നും തുടർന്ന് മരുന്നുകളും മാറി നൽകിയെന്നുമുള്ള പരാതിയിലാണ് കമ്മീഷന്റെ നടപടി. സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് തേടി. ശ്വാസംമുട്ടലിനെ തുടർന്ന് ഈ മാസം 14നാണ് കോന്നി കൂഴം സ്വദേശിനിയായ 16കാരി കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ എക്‌സ് റേ എടുത്തു. എന്നാൽ കുട്ടിക്ക് ലഭിച്ചത് 88 വയസുകാരിയായ ദേവകിയമ്മയുടെ എക്‌സ് റേ റിപ്പോർട്ടായിരുന്നുവെന്നാണ് പരാതി.

എക്‌സ് റേ റിപ്പോർട്ടിലെ പിഴവ് ശ്രദ്ധിക്കാതെയാണ് ഡോക്ടർ അതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് തുടർചികിത്സ നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെ മരുന്നുകളും മാറി നൽകിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എക്‌സ് റേ മാറിയ വിവരം കുട്ടിയും കുടുംബവും തിരിച്ചറിഞ്ഞത്. സംഭവത്തിൽ കുടുംബം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം.