റിപ്പോർട്ടർ ചാനൽ റെയ്ഡ് സുതാര്യം; മാധ്യമ വേട്ട നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ പരിശോധന സുതാര്യമായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമ വേട്ടയുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘം എങ്ങനെ പ്രവർത്തിക്കണമെന്നത് സർക്കാരിന്റെ നിർദേശപ്രകാരമല്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ലെന്നും ‘മാധ്യമ അടിയന്തരാവസ്ഥ’ എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് റൂമും ഓഫീസും ഒരേ കെട്ടിടത്തിലായതിനാലാണ് പൊലീസ് അവിടേക്ക് പ്രവേശിച്ചത്. കേസിൽ റിപ്പോർട്ടർ ടിവി രണ്ടാം പ്രതിയാണ്. കോടതി വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും നിയമപരമല്ലാത്ത യാതൊരു നടപടിയും കേരള പൊലീസ് ചാനലിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ വാർത്തകളുടെ പേരിലല്ല അന്വേഷണം നടക്കുന്നതെന്നും തട്ടിപ്പ് കേസിലാണ് നടപടിയെന്നും ചെന്നിത്തല പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തും നിരവധി മാധ്യമ സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നിട്ടുണ്ടെന്നും അന്നൊന്നും ‘അടിയന്തരാവസ്ഥ’ എന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കും. SIT രൂപീകരിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തുന്നത് സംഘമാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് സർക്കാർ നിർദേശിക്കാറില്ലെന്നും അത്തരമൊരു സമീപനം സർക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇ.ഡി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. നിയമോപദേശം ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടിയിൽ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും തന്റെ പേര് മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സി.പി.എം, ബി.ജെ.പി നേതാക്കളുടെ പേരുകളും റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
