കൊച്ചി സിറ്റി പൊലീസിന്റെ ആദ്യ വനിതാ കമ്മീഷണറായി ആർ. നിശാന്തിനി
കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ ആദ്യ വനിതാ കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു. കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം. ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ടാണ് മുൻ കമ്മീഷണർക്കെതിരെ നടപടിയുണ്ടായത്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച കാറിടിച്ച് ചേരാനല്ലൂരിൽ തട്ടുകട ഉടമ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കൈകാര്യം ചെയ്ത രീതിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കേസിന്റെ അന്വേഷണത്തിലും തുടർനടപടികളുടെ മേൽനോട്ടത്തിലും കമ്മീഷണറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി എഡിജിപി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കാളിരാജ് മഹേഷ് കുമാറിനെ ചുമതലയിൽനിന്ന് മാറ്റി. കേസുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടർന്ന് ചേരാനല്ലൂർ സ്റ്റേഷനിലെ സിഐ ശ്യാംകുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എഎസ്ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുണ് ജോഷി എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, കേസിൽ തന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ ജഡ്ജിയോ മറ്റാരെങ്കിലുമോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിശദീകരണം നൽകാൻ മറ്റൊരു വേദി ലഭിക്കാത്തതിനാലാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മുൻ കമ്മീഷണർ പറഞ്ഞു.
