ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ വിവാദം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പി.ടി. ഉഷ ഐഒസിക്ക് കത്തയച്ചു
ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ തേടി അധ്യക്ഷ പി.ടി. ഉഷ. സ്പോർട്സ്പേഴ്സൺ ഓഫ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഐഒസിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പിൽ വ്യാപകമായ പെരുമാറ്റച്ചട്ട ലംഘനങ്ങൾ നടന്നതായി കത്തിൽ ഉഷ ആരോപിക്കുന്നു. തനിക്കെതിരെ സംഘടിത പ്രചാരണം നടന്നെന്നും ഇലക്ടറൽ കോളജിലെ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന സംശയത്തെ തുടർന്നാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ പി.ടി. ഉഷ പരാജയപ്പെട്ടിരുന്നു. വനിതകൾക്കായുള്ള നാല് സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. അഞ്ജു ബോബി ജോർജ്, ധോല ബാനർജി, സെയ്ന നെഹ്വാൾ, റാണി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനായിരുന്നു ഉഷയുടെ നീക്കം. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് യോഗ്യത നേടാൻ എസ്ഒഎം വിഭാഗത്തിൽ വിജയിക്കേണ്ടതുണ്ടായിരുന്നു. പരാജയപ്പെട്ടതോടെ ഉഷയുടെ തുടർനീക്കങ്ങൾക്ക് തിരിച്ചടിയായി.
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഐഒഎയിലെ പുതിയ നേതൃത്വത്തിന്റെ വരവും നിർണായകമാകും.
