Kerala

യുഎൻ സർവകലാശാല ക്യാംപസ് കേരളത്തിൽ; കൊച്ചിയിൽ പ്രവർത്തനം തുടങ്ങാൻ നീക്കം

തിരുവനന്തപുരം: യുഎൻ സർവകലാശാലയുടെ ക്യാംപസ് കേരളത്തിൽ ആരംഭിക്കാൻ നീക്കം. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാനുള്ള താൽപര്യം യുഎൻ സർവകലാശാല സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് വിവരം. കുസാറ്റ്, നുവാൽസ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും ക്യാംപസിന്റെ പ്രവർത്തനം. പങ്കാളിത്ത സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പദ്ധതിയുണ്ട്. ബിരുദാനന്തര ബിരുദ, ഡോക്ടറൽ കോഴ്‌സുകൾ ക്യാംപസിൽ ആരംഭിക്കും. 2027ൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ജപ്പാനിലെ ടോക്യോയിലാണ് യുഎൻ സർവകലാശാലയുടെ ആസ്ഥാനം. 1975ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയ്ക്ക് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ക്യാംപസുകളുണ്ട്. ആഗോളതലത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഗവേഷണവും പഠനവും നടത്തുന്നതിനാണ് പ്രധാനമായും സർവകലാശാല പ്രാധാന്യം നൽകുന്നത്. കേരളത്തിൽ ക്യാംപസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണ അവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പുതിയ സ്വകാര്യ സർവകലാശാല ബില്ലിന്റെ പശ്ചാത്തലത്തിലാണ് വിദേശ സർവകലാശാലകളുടെ കേരളത്തിലേക്കുള്ള വരവിന് വഴിയൊരുങ്ങുന്നത്. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.