മുട്ടിൽ മരംമുറി: ഗൂഢാലോചന അന്വേഷണത്തിൽ അട്ടിമറിയെന്ന് ആരോപണം; എസ്‌ഐടിയെ വിലക്കിയത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന് വിവരം
തിരുവനന്തപുരം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നതിൽ എസ്‌ഐടിക്ക് തടയിട്ടതായി റിപ്പോർട്ട്. ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിർദേശം നൽകിയത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനാണെന്നാണ് വിവരം. അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന എഡിജിപി എസ്. ശ്രീജിത്തിന് പിന്നീട് മറ്റൊരു കേസിന്റെ ചുമതല നൽകിയതായും റിപ്പോർട്ടുണ്ട്. മരംമുറിക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വനംവകുപ്പ് കണ്ടെത്തിയവരെക്കുറിച്ച് എസ്‌ഐടി അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസുകളിലാണ് അന്വേഷണ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം മാത്രമാണ് അന്വേഷണ സംഘത്തിന് സമർപ്പിക്കാനായത്.
പിണറായി വിജയന്റെ ഓഫീസിലെ ഉന്നതൻ, ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥൻ, വയനാട്ടിലെ കൽപ്പറ്റയിൽ അന്ന് ചുമതലയിലുണ്ടായിരുന്ന റേഞ്ച് ഓഫീസർ എന്നിവരുടെ പേരുകൾ മരംമുറി കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ ഇവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. ഗൂഢാലോചന അന്വേഷണത്തിൽ നിന്ന് അന്വേഷണ സംഘത്തെ പിന്തിരിപ്പിച്ചതിന് പിന്നിൽ പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന വിവാദ ഉത്തരവ് 2020 ഒക്ടോബർ 24നാണ് പുറത്തിറങ്ങിയത്. തുടർന്ന് 2021 ഫെബ്രുവരി നാലിന് ഉത്തരവ് പിൻവലിച്ചു. ഈ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 2,600ലധികം മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കണക്ക്.
മുട്ടിൽ മാത്രം 108 ഈട്ടിമരങ്ങളാണ് മുറിച്ചത്. മുറിച്ച ഈട്ടിത്തടികൾ പെരുമ്പാവൂരിൽ നിന്ന് 2021 ഫെബ്രുവരി ആറിന് വനംവകുപ്പ് പിടികൂടുകയും ചെയ്തു. വിവാദ ഉത്തരവിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ചില്ലെന്ന വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. അന്നത്തെ റവന്യൂ, വനം മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നുള്ള ഇടപെടലിനെ തുടർന്നാണ് ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. വിവാദ ഉത്തരവിന് പിന്നിൽ പിണറായി വിജയന്റെ ഓഫീസിലെ പ്രമുഖന് പങ്കുണ്ടെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.
