KeralaTrending News

സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്താൻ പരിശോധന കർശനമാക്കി എംവിഡി; വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി

കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കലൂർ, പാലാരിവട്ടം, ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു പരിശോധന. കലൂരിൽ 12 ബസുകൾ പരിശോധിച്ചതിൽ പത്ത് ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. അമിതവേഗത്തിൽ സർവീസ് നടത്തിയ രണ്ട് ബസുകളിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലാണെന്നും പരിശോധനയിൽ വ്യക്തമായി.

നിലവിലെ ട്രിപ്പ് പൂർത്തിയാക്കാൻ ബസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യാത്ര അവസാനിച്ചശേഷം സ്പീഡ് ഗവർണർ വീണ്ടും ഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ഇതിന് ശേഷമേ തുടർസർവീസ് അനുവദിക്കൂ. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എംവിഡി പരിശോധന ശക്തമാക്കിയത്. കാക്കനാട് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് തൃശൂർ സ്വദേശിനിയും ഇൻഫോപാർക്ക് ജീവനക്കാരിയുമായ അക്ഷര മരിച്ച സംഭവത്തെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ. സ്വകാര്യ ബസുകൾ കില്ലിങ് മെഷീനുകളായി മാറരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

അക്ഷരയുടെ മരണത്തിനിടയാക്കിയ മലയിൽ ബസ് 154 നിയമലംഘനങ്ങൾ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചുരുക്കം ചിലതിനു മാത്രമാണ് പിഴയടച്ചത്. ബസിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.