മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; സംഘടനകളും ഐബിഎയും തമ്മിൽ ധാരണ
ഡൽഹി: ഇന്ന് മുതൽ ആരംഭിക്കാനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് തത്കാലത്തേക്ക് മാറ്റിവെച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത യൂണിയനാണ് സമരം മാറ്റിവെച്ചതായി അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ)യും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ചില വിഷയങ്ങളിൽ ധാരണയായതിനെ തുടർന്നാണ് തീരുമാനം. എല്ലാ ശനിയാഴ്ചകളും ബാങ്കുകൾക്ക് അവധിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായി പരിശോധിക്കുന്നതിനായി ഐബിഎ-യുഎഫ്ബിയു ഉന്നതതല സമിതി രൂപീകരിക്കും. ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതിനാണ് സമിതി ശ്രമിക്കുക.
സ്കെയിൽ 4-ഉം അതിന് മുകളിലുമുള്ള ഓഫീസർമാരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യാനും ചർച്ചയിൽ ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎഫ്ബിയുവിന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ 9.30ന് നടന്ന ചർച്ചയിലാണ് പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയത്. ഇതിന് പിന്നാലെയാണ് പണിമുടക്ക് തത്കാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്.
