ഓസ്കർ 2027: ‘ഗോന്ധൾ’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
ഡൽഹി: ഓസ്കർ 2027 പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗോന്ധൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. സന്തോഷ് ദവാഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നവദമ്പതികൾക്കായി ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ഒരു ചടങ്ങും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ പ്രമേയം.
33 ചിത്രങ്ങൾ ഉൾപ്പെട്ട പട്ടികയിൽ നിന്നാണ് ‘ഗോന്ധൾ’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി. ശേഷാദ്രിയാണ് പ്രഖ്യാപനം നടത്തിയത്. ഓസ്കറിനായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകുന്ന നാലാമത്തെ മറാത്തി ചിത്രമാണ് ‘ഗോന്ധൾ’. ‘ശ്വാസ്’ (2005), ‘ഹരിശ്ചന്ദ്രാച്ചി ഫാക്ടറി’ (2009), ‘കോർട്ട്’ (2015) എന്നിവയാണ് മുമ്പ് തിരഞ്ഞെടുക്കപ്പെട്ട മറാത്തി ചിത്രങ്ങൾ.
കഴിഞ്ഞ നവംബറിലാണ് ‘ഗോന്ധൾ’ റിലീസ് ചെയ്തത്. സിൽവർ പീകോക്ക് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമാണ് ‘ഗോന്ധൾ’. മലയാളികളുടെ പ്രതീക്ഷയായ ‘ബാലൻ ദി ബോയ്’ ഉൾപ്പെടെയുള്ള ചിത്രങ്ങളെ മറികടന്നാണ് ‘ഗോന്ധൾ’ ഔദ്യോഗിക എൻട്രിയായത്. അന്തിമ പട്ടികയിൽ 14 ഹിന്ദി ചിത്രങ്ങൾക്കൊപ്പം മറാത്തി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്നായി നാല് വീതം ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു.
