യുഎസ് തീരുവ ഭീഷണി; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന സൂചന നൽകി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ അധികതീരുവ ഭീഷണിക്കിടയിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നൽകി ഇന്ത്യ. യുഎസ് നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ അമേരിക്കയുമായി ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധികതീരുവ ചുമത്തുന്നതിനുള്ള ബിൽ കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് പാസാക്കിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.
എന്നാൽ രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആവശ്യത്തിന് ഊർജം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും പ്രതികരിച്ചു. വിപണി സാഹചര്യങ്ങൾ വിലയിരുത്തി റഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഊർജ സ്രോതസുകൾ ഇന്ത്യ പരിഗണിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയുടെ വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അമേരിക്കയുടെ അധികതീരുവ നയം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെയും ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ വിഷയത്തിൽ കേന്ദ്രസർക്കാർ തുടർനീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്.
