കനത്ത മഴയിൽ ജപ്പാനിൽ വെള്ളപ്പൊക്കം; നാല് മരണം
ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു, ഒരാളെ കാണാതായി. ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചിബയിൽ 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും റെയിൽവേ ട്രാക്കുകളും പൂർണമായി വെള്ളത്തിനടിയിലായി. റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടതോടെ ടോക്കിയോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ നരിറ്റയിൽ ഏഴായിരത്തോളം യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ടോക്കിയോ നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളും അടച്ചു.
പ്രളയത്തെ തുടർന്ന് 25,000ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
