World

ലിയോ പതിനാലാമൻ മാർപാപ്പയുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി; ആത്മീയ ജീവിതവും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നു

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്വകാര്യ കുറിപ്പുകളും പ്രസംഗങ്ങളും ഉൾപ്പെടുന്ന ‘ഫ്രീഡം അണ്ടർ ഗ്രേസ്: റിഫ്ലക്‌ഷൻസ് ഓൺ ദ സ്പിരിച്വൽ ട്രഡിഷൻ ദാറ്റ് ഫോംഡ് മീ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. യുഎസ്, യുകെ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുസ്തകം വിൽപ്പനയ്‌ക്കെത്തി. വത്തിക്കാൻ പബ്ലിഷിങ് ഹൗസായ ‘ലിബെരി സൊട്ടോ ലാ ഗ്രാസിയ’ നേരത്തെ പ്രസിദ്ധീകരിച്ച ഇറ്റാലിയൻ പതിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷയാണിത്. മാർപാപ്പയുടെ ആത്മീയ ജീവിതത്തെയും ലോകവീക്ഷണത്തെയും സ്വാധീനിച്ച വിശുദ്ധ അഗസ്റ്റിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.

അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായിരുന്ന കാലത്തെ ധ്യാനങ്ങൾ, പ്രസംഗങ്ങൾ, വ്യക്തിഗത കുറിപ്പുകൾ എന്നിവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 9/11 ഭീകരാക്രമണം, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ദാരിദ്ര്യം, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളോടുള്ള സഭയുടെ പ്രതികരണങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. പ്രശസ്ത ഹാസ്യനടൻ സ്റ്റീഫൻ കോൾബെർട്ടും പ്രമുഖ നറേറ്റർ സ്‌കോട്ട് ബ്രിക്കും ചേർന്നാണ് പുസ്തകത്തിന്റെ ഓഡിയോ പതിപ്പിന് ശബ്ദം നൽകിയിരിക്കുന്നത്.