പോളണ്ടിൽ 182 അടി ഉയരത്തിൽ ദൈവമാതാവിന്റെ ഭീമൻ പ്രതിമ; യൂറോപ്പിലെ പുതിയ വിസ്മയം
വാഴ്സോ: പോളണ്ടിലെ കൊണോട്ടോപ്പി എന്ന ഗ്രാമത്തിൽ സ്ഥാപിച്ച, യൂറോപ്പിലെ ഏറ്റവും വലിയ ദൈവമാതാവിന്റെ പ്രതിമ തീർഥാടകർക്കായി തുറന്നുകൊടുത്തു. 182 അടി (55.5 മീറ്റർ) ഉയരമുള്ള ഈ കൂറ്റൻ നിർമിതി, യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കന്യാമറിയത്തിന്റെ പ്രതിമയാണ്. മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ വലിയ കന്യാമറിയത്തിന്റെ പ്രതിമ കൂടിയാണിത്. തലസ്ഥാനമായ വാഴ്സോയിൽനിന്ന് ഏകദേശം നൂറു മൈൽ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊണോട്ടോപ്പിയിലെ പ്രശസ്തമായ കപ്പേളയ്ക്കു സമീപമാണ് പുതിയ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്. സ്റ്റീൽ, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് നിർമാണം. 26 മില്യൺ യുഎസ് ഡോളറാണ് നിർമാണച്ചെലവ്. പോളണ്ടിലെ പ്രമുഖ വ്യവസായി റോമൻ കർകോസിക്കും ഭാര്യ ഗ്രസീനയുമാണു നിർമാണത്തിനായുള്ള പണം നൽകിയത്.
133 അടി ഉയരമുള്ള ദൈവമാതാവിന്റെ പ്രതിമയും കിരീടത്തിന്റെ ആകൃതിയിൽ പണിതീർത്ത 49 അടി ഉയരമുള്ള പീഠവും ചേരുന്നതാണു ഘടന. പീഠത്തിന്റെ മുകളിൽ ടെറസ് ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് അവിടെനിന്ന് ആ ഗ്രാമത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാം. ഓഗസ്റ്റ് പതിനഞ്ചിനാണ് പ്രതിമ വിശ്വാസികൾക്കായി സമർപ്പിച്ചത്. വ്ളൊക്ളാവെക് രൂപതാ ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്കോവ്സ്കി പ്രതിമ ആശീർവദിച്ചു. മുൻ പോളിഷ് പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ലെക് വലേസ ഉൾപ്പെടെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. ചടങ്ങിനിടെ ആകാശത്തുനിന്ന് ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.
ലോകപ്രശസ്തമായ റിയോ ഡി ജനീറോ (ബ്രസീൽ) യിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയേക്കാൾ ഉയരമുള്ളതാണ് പോളീഷ് ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെ പ്രതിമ. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന, ലോകഭൂപടത്തിലെ പ്രധാനയിടങ്ങളിലൊന്നായി പോളീഷ് ഗ്രാമം മാറിയിരിക്കുകയാണ് ഇപ്പോൾ.
