വിമാനം തകർക്കാനായിരുന്നു ലക്ഷ്യം; ‘മരണത്തെ ഭയമില്ല’; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്
ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിലെ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകൾ. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയതിന് പിന്നാലെ സൗദി അധികൃതരും ഹമ്മാമിയെ ചോദ്യം ചെയ്തിരുന്നു. തീവ്ര മതനിലപാടുകളുമായി ബന്ധപ്പെട്ട് ഒമാൻ അധികൃതർ നേരത്തെ ഇയാൾക്ക് വിമാനം പറത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന പോസ്റ്റുകൾ ഇയാൾ പങ്കുവച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒമാൻ സ്വദേശിയായ പിതാവിനും സിറിയൻ മാതാവിനുമാണ് ഹമ്മാമി ജനിച്ചത്. ദുബായിലായിരുന്നു താമസം. ഇയാൾ എങ്ങനെയാണ് തീവ്രവാദ ആശയങ്ങളിലേക്ക് എത്തിപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. സിറിയയുമായുള്ള ഇയാളുടെ ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആഭ്യന്തരയുദ്ധം നടന്നിരുന്ന കാലയളവിൽ കുറച്ചുകാലം ഹമ്മാമി സിറിയയിൽ കഴിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അബുദാബിയിലുള്ള പ്രതിയെ യുഎഇ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്രയേൽ അന്വേഷണ ഏജൻസികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. വിമാന അട്ടിമറി ശ്രമത്തിന് പിന്നിൽ ഇറാൻ ഉൾപ്പെടെയുള്ള വിദേശ ശക്തികളുടെ പ്രേരണയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
