KeralaTrending News

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല; പ്രചാരണത്തിന് പിന്നിൽ വിദേശ കമ്പനികൾ: കെ. മുരളീധരൻ

കൊച്ചി: സർക്കാർ ആശുപത്രികളിൽ ഗുരുതരമായ മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെങ്കിലും അത് പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ഐഎംഎ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ചില വിദേശ കമ്പനികളുടെ താൽപര്യങ്ങളുണ്ടെന്നാണ് കെ. മുരളീധരന്റെ ആരോപണം. ഗുണനിലവാരവുമായി ബന്ധപ്പെട്ട് സംശയമുള്ള ചില കമ്പനികളിൽനിന്ന് സർക്കാർ മരുന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില മരുന്നുകൾക്ക് നിലവിൽ ക്ഷാമമുണ്ടെന്നത് യാഥാർഥ്യമാണെന്നും യുദ്ധസാഹചര്യവും വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി ആവശ്യമായ മരുന്നുകൾ റെഡി പർച്ചേസിലൂടെ ലഭ്യമാക്കുന്നുണ്ട്. നേരത്തെ നൽകിയ ഓർഡറുകളിലെ മരുന്നുകളും ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചില പോരായ്മകൾ ഉണ്ടായേക്കാമെങ്കിലും സർക്കാർ ആശുപത്രികളിൽ മരുന്നൊന്നുമില്ലെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സ്വകാര്യ ആശുപത്രികളിലെ ഉയർന്ന മുറി വാടകയും മരുന്നുകളുടെ അമിതവിലയും നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു. പ്രത്യേകിച്ച് വിദേശ നിക്ഷേപമുള്ള വൻകിട ആശുപത്രികളിൽ ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളുടെ പ്രവർത്തന സ്വാതന്ത്ര്യം നിയന്ത്രിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യമെന്നും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ആരോഗ്യമേഖലയെ പൂർണമായും ബിസിനസ് താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും വിദേശ നിക്ഷേപങ്ങൾക്ക് പിന്നിലെ താൽപര്യങ്ങൾ പരിശോധിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. വിദേശ കമ്പനികളുടെ സമ്മർദത്തിനോ തന്ത്രങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.