കേരള ഹൗസിൽ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി വേണ്ട; നിർദേശം നൽകി മുഖ്യമന്ത്രി
ഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയെന്നാരോപിച്ച് ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ തുടരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നും കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ വേണ്ടെന്നും കേരള ഹൗസ് റസിഡൻസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ഡ്യൂട്ടിയിലില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ മുറിയിൽ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി. ജോസ്, സുരേഷ് കുമാർ എന്നീ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പ്രവേശിക്കരുതെന്ന നിയന്ത്രണം കേരള ഹൗസിൽ ഏർപ്പെടുത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും കേരള ഹൗസിൽ എത്തിയിരുന്ന സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
