World

ചൈന ഇറാന് ആയുധങ്ങൾ നൽകില്ലെന്ന് ഉറപ്പ്; ഹോർമുസ് തുറക്കുന്നതിൽ സന്തോഷം – സൂചന നല്‍കി ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഹോര്‍മുസ് തുറക്കുന്നതില്‍ ചൈന ഏറെ സന്തോഷത്തിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയ്ക്കും, ലോകത്തിനാകെ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും ട്രംപ് വിശദീകരിച്ചു. ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പു നല്‍കി. ആഴ്ചകള്‍ക്കുള്ളില്‍ താന്‍ ചൈന സന്ദര്‍ശിക്കുമ്പോള്‍ ഊഷ്മളമായി ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ചൈന ഇറാന് എയര്‍ ഡിഫന്‍സ് സിസ്റ്റം നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന്റെ നിര്‍ണായക ട്രൂത്ത് സോഷ്യല്‍ പോസ്റ്റും വന്നിരിക്കുന്നത്. അതേസമയം ഇറാന് ഒരു തരത്തിലുള്ള ആയുധങ്ങളോ സൈനിക സഹായങ്ങളോ എത്തിച്ച് നല്‍കുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണെന്ന് യുഎസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

അതേസമയം ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടലിലേയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഒമാന്‍ കടലിടുക്കിലെയും കപ്പല്‍ ഗതാഗതം തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു. ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി വിമര്‍ശിച്ചിരുന്നു.

Leave a Reply