ഇ.ഡി വിഷയത്തിൽ മൗനം; യുഡിഎഫിനെ വിമർശിച്ച് പിണറായി വിജയൻ
കോഴിക്കോട്: ഇ.ഡി വിഷയത്തിൽ പ്രതികരിക്കാതെ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി വേട്ടയ്ക്കെതിരെ എം.എ. ബേബിയും എം.വി. ഗോവിന്ദനും പരസ്യമായി രംഗത്തെത്തിയെങ്കിലും, സംസ്ഥാന സമിതി പാസാക്കിയ പ്രമേയം പിണറായി പ്രസംഗത്തിൽ പരാമർശിച്ചില്ല. അതേസമയം, യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച പിണറായി വിജയൻ, ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. വന്ദേമാതരത്തിലും പി.എം. ശ്രീ പദ്ധതിയിലും ഇതേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷ മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നിലകൊണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വഖഫ് വിഷയത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതികളാക്കാമെന്ന ഗവേഷണത്തിലാണ് ഇ.ഡിയെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇരുവരെയും പ്രതികളാക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ഇ.ഡിയുടെ കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇ.ഡി. എസ് സർക്കാരാണ് നടക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചു. ഇ.ഡി. കഥകൾ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ന്യായീകരിക്കാനാകാത്തതാണെന്നും വ്യാജപ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും എം.എ. ബേബി പറഞ്ഞു. വ്യാജ പ്രചാരണങ്ങളെ നേരിടുന്നതിൽ ചില ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
