മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫിസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്ഐടി പരിശോധന
കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. എറണാകുളം ജില്ലയിൽ നാല് സ്ഥലങ്ങളിലും വയനാട്ടിലെ ഒരു കേന്ദ്രത്തിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനവും പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. പുലർച്ചെയോടെയാണ് സെർച്ച് വാറണ്ടുമായി അന്വേഷണ സംഘം കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലെത്തിയത്. പ്രധാന ന്യൂസ് ഡെസ്കും സ്റ്റുഡിയോയും പ്രവർത്തിക്കുന്ന ആസ്ഥാനത്ത് പരിശോധന തുടരുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നത്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ ആന്റോ അഗസ്റ്റിന്റെ വീടും വയനാട്ടിലെ മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും മറ്റൊരു സംഘം പരിശോധന നടത്തുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളും മറ്റ് തെളിവുകളും കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്തുന്നതിന് മുൻ സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് വിവരം. തങ്ങളുടെ കൈവശം ആവശ്യമായ എല്ലാ രേഖകളുമുണ്ടെന്നും കരാറുകൾ സുതാര്യമായിരുന്നുവെന്നും സ്പോൺസർ നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളെ സാധൂകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ കഴിയുമോയെന്നതും പരിശോധനയിൽ നിർണായകമാകും.
