ഫ്ലോറിഡ വിമാനാപകടം: അപകടത്തിന് തൊട്ടുമുൻപ് സഹായം തേടി 20കാരിയായ സഹപൈലറ്റ്; മെയ്ഡേ സന്ദേശം പുറത്ത്
വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഏഴ് യാത്രക്കാരടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ലിയർജെറ്റ് വിമാനാപകടത്തിന് തൊട്ടുമുൻപുള്ള ആശങ്കാജനകമായ ശബ്ദസന്ദേശം പുറത്ത്. വിമാനത്തിന്റെ 20കാരിയായ സഹപൈലറ്റ് നതാലിയ ഗഡെൽഹ ഫിൽഗ്വെയ്റസ് നിയന്ത്രണകേന്ദ്രവുമായി നടത്തിയ ആശയവിനിമയത്തിലാണ് അടിയന്തര സഹായം തേടിയത്. വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച അവർ ആവർത്തിച്ച് ‘മെയ്ഡേ’ സന്ദേശം നൽകിയിരുന്നു.
ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമാസിലേക്ക് പോവുകയായിരുന്ന ലിയർജെറ്റ് ദക്ഷിണ ഫ്ലോറിഡയിൽ തകർന്നുവീണ് തീപിടിക്കുകയായിരുന്നു. അപകടത്തിന് മുൻപ് വിമാനത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതായും പുറത്തെ താപനില മൈനസ് 47 ഡിഗ്രി സെൽഷ്യസാണെന്നും ഫിൽഗ്വെയ്റസ് അറിയിച്ചിരുന്നു. ശക്തമായ കുലുക്കത്തിൽ വിമാനം 700 അടി വരെ ഉയർന്നതായും അവർ പറഞ്ഞു.
വിമാനം തകർന്നുവീണ് തീഗോളമായി മാറുന്ന ദൃശ്യങ്ങൾ കാണാം:
തുടർന്ന് മിനിറ്റിൽ 10,000 അടി വേഗത്തിൽ വിമാനം താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച സഹപൈലറ്റ്, പിന്നീട് മിനിറ്റിൽ 20,000 അടി വേഗത്തിലാണ് താഴേക്ക് പോകുന്നതെന്നും വിമാനം നിലത്തിടിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിമാനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്ന എഡിഎസ്-ബി എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ഒരു മിനിറ്റിനിടെ വിമാനം 27,000 അടി താഴേക്ക് പതിച്ചിരുന്നു.
ഫിൽഗ്വെയ്റസിന്റെ പൈലറ്റ് ലൈസൻസ് പ്രകാരം വിമാനം പറത്താനുള്ള യോഗ്യതയുണ്ടായിരുന്നെങ്കിലും കമാൻഡറായി പ്രവർത്തിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. 2023ൽ 17-ാം വയസിലാണ് അവർ പൈലറ്റ് ലൈസൻസ് നേടിയത്. ഒൻപത് മാസമായി വാണിജ്യ പൈലറ്റായി ജോലി ചെയ്യുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. 1,300 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്നാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ.
അപകടത്തിൽ ആദം റോബിൻസൺ, ഭാര്യ ഹെലൻ ഷാർപ്പ്, ഇവരുടെ നാലും രണ്ടും വയസുള്ള മക്കളായ എമ്മ, ചാർലി എന്നിവരും കുട്ടികളെ പരിചരിച്ചിരുന്ന അനിത മരിയ സെറ്റിനയും റേച്ചൽ റീഡ്, ചാർമി ഫെർ എന്നിവരും മരിച്ചു. മറ്റൊരു പൈലറ്റിന്റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
