KeralaTrending News

ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ രുദ്രേഷ് ഇനി എട്ടുപേരിലൂടെ ജീവിക്കും; ഹൃദയം എറണാകുളത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിലൂടെ പുതുജീവൻ. ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരന്റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കരമന സ്വദേശി പ്ലസ് ടു വിദ്യാർഥി രുദ്രേഷ് എസ് ആറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് കൈമാറും. രുദ്രേഷിന്റെ ഹൃദയം തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43കാരനാണ് ഹൃദയം സ്വീകരിക്കുക. രാവിലെ ഒൻപതോടെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ പുറപ്പെടും.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്ത് രുദ്രേഷ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സുഹൃത്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിനു പിന്നാലെ രുദ്രേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

രുദ്രേഷിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറും. മറ്റൊരു വൃക്കയും പാൻക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കാണ് നൽകുന്നത്. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിക്കും ദാനം ചെയ്യും. സുരേഷ് ബി–രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. പതിനേഴുകാരന്റെ അവയവദാനം നിരവധി പേർക്ക് പുതുജീവിതത്തിന് വഴിയൊരുക്കും.