KeralaTrending News

അഭിരാം വധക്കേസ്‌: പൊലീസിന്റെ വീഴ്ച ആരോപിച്ച് കുടുംബം; മകന് നീതി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരൻ അഭിറാമിന്റെ മരണത്തിൽ നീതി തേടി കുടുംബം. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണവും കുടുംബം ഉന്നയിച്ചു. കേസിലെ ഒന്നാം പ്രതിയെന്ന് പറയുന്നയാളെ ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും വിശദമായി ചോദ്യം ചെയ്യാതെ വിട്ടയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഞായറാഴ്ച ഉച്ചയ്ക്ക് മകനൊപ്പം ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിതാവ് മധുകുമാർ പറഞ്ഞു. വൈകിട്ട് ആറിന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നതിനാൽ വീട്ടിൽത്തന്നെ ഉണ്ടാകണമെന്ന് അഭിറാമിനോട് പറഞ്ഞിരുന്നു. വൈകിട്ട് നാലിന് വിളിച്ചപ്പോൾ പത്ത് മിനിറ്റിനകം എത്താമെന്നായിരുന്നു മറുപടി. പിന്നീട് പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ഏഴുമണിയോടെ മടങ്ങിയെത്തിയപ്പോഴും മകനെ കണ്ടില്ല. തുടർന്ന് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.

രാത്രി ഒൻപതുവരെ കാത്തിരുന്ന ശേഷമാണ് പൊലീസിനെ സമീപിച്ചതെന്ന് മധുകുമാർ പറഞ്ഞു. അന്ന് കസ്റ്റഡിയിലെടുത്തയാളെ പ്രാഥമികമായി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പിതാവ് വ്യക്തമാക്കി.

അഭിറാം പ്രശ്നങ്ങളിലൊന്നും ഇടപെടാത്തയാളായിരുന്നുവെന്നും പതിവായി രാത്രി എട്ടിനകം വീട്ടിലെത്തുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. കൊച്ചുമകനെ നഷ്ടപ്പെട്ട വേദനയിൽ മുത്തച്ഛനും നീതി ആവശ്യപ്പെട്ടു. കുറ്റക്കാർ രക്ഷപ്പെടരുതെന്നും ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.