അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ‘യൂത്ത് കോണ്ഗ്രസിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല’; മന്ത്രി ഒ.ജെ. ജനീഷ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനപ്രകാരമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അമിത് ഷായ്ക്കെതിരെ പ്രതിഷേധം നടത്തിയതെന്ന് ജനീഷ് വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അധികാരത്തിലുള്ളവർക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായെ കരിങ്കൊടി കാണിച്ചത് സംഘടനാപരമായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും അതിൽ പാളിച്ചയുണ്ടായതായി കരുതുന്നില്ലെന്നും ജനീഷ് വ്യക്തമാക്കി. ഇതിന് മറുപടിയായി സംസ്ഥാനത്തെ എല്ലാ മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിക്കുമെന്ന പ്രഖ്യാപനത്തിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി താൻ നയിക്കുന്ന പദയാത്ര ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്നും ജനീഷ് അറിയിച്ചു. ജനാധിപത്യ സമൂഹത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കണ്ണൂർ മട്ടന്നൂരിൽ മുഖ്യമന്ത്രിക്ക് നേരെയും ബിജെപി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. മട്ടന്നൂർ എളമ്പാറയിൽ നടന്ന പ്രതിഷേധത്തിന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി നേതൃത്വം നൽകി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
