KeralaTrending News

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം കുറ്റകരമല്ല; കെഎസ്‌യു പ്രവർത്തകർക്കെതിരായ വകുപ്പുകൾ തള്ളി എസ്‌ഐടി റിപ്പോർട്ട്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പ്രതിഷേധക്കാർക്കെതിരെ ആദ്യ അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കരിങ്കൊടി പ്രതിഷേധം കുറ്റകരമല്ലെന്നും ചൂണ്ടിക്കാട്ടി സംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.

എസ്‌ഐടി തലവൻ യു. പ്രേമനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കലാപശ്രമം, തടഞ്ഞുവെക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, റെയിൽവേ പരിസരത്ത് അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരുന്ന വധശ്രമം പിന്നീട് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

വീണാ ജോർജിനൊപ്പമുണ്ടായിരുന്ന പൊലീസിന്റെ ചുമതല പ്രതിഷേധക്കാരെ തടയുക മാത്രമായിരുന്നുവെന്നും അവർ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. കരിങ്കൊടി വീശിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയാണ് ചെയ്തത്. മന്ത്രിയെ തടഞ്ഞുവെച്ച സാഹചര്യവുമുണ്ടായില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്താണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തിയത്. അതിനാൽ അതിക്രമിച്ചുകയറിയെന്ന കുറ്റവും നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ.

കരിങ്കൊടി പ്രതിഷേധം കുറ്റകരമല്ലെന്ന കോടതി നിരീക്ഷണങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷ്, പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് എസ്‌ഐടി നേരത്തെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ടിൽ കോടതി തുടർനടപടി സ്വീകരിക്കും.