World

പെസഷ്കിയാനുമായി ചർച്ചയ്ക്ക് തയാറെന്ന് ട്രംപ്; അമേരിക്കൻ ആക്രമണമുണ്ടായാൽ വേദനാജനക തിരിച്ചടിയെന്ന് ഇറാൻ

ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ചർച്ച നടത്താൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുമ്പ് മേഖലയിൽ നിന്ന് അമേരിക്കൻ സാന്നിധ്യം അവസാനിപ്പിക്കണമെന്നും ശക്തമായ തിരിച്ചടി നൽകണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫും ആവശ്യപ്പെട്ടു.

അതേസമയം, ഇറാനുമായി ചർച്ച പുനരാരംഭിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി തകർക്കുകയോ സൈനികമായി നേരിടുകയോ കരാറിലെത്തുകയോ ചെയ്യുന്നതാണ് മുന്നിലുള്ള വഴികളെന്ന് ട്രംപ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെ 109 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ന്യൂയോർക്കിലെത്തും.