F4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ്: കോയമ്പത്തൂർ റൗണ്ടിൽ ലുവിവെ സാംബുദ്ലയ്ക്ക് ഇരട്ട ജയം; അരിസ് ക്യാരികൗ മുന്നിൽ
കോയമ്പത്തൂർ: ജെകെ ടയറിന്റെ പിന്തുണയോടെ നടക്കുന്ന ഇന്ത്യൻ റേസിങ് ഫെസ്റ്റിവൽ 2026ലെ F4 ഇന്ത്യൻ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ്‌വേയിൽ സമാപിച്ചു. മൂന്ന് റേസുകളിലായി നടന്ന മത്സരത്തിൽ ഗോവ ഏസസ് ജെഎ റേസിങ്ങിന്റെ ലുവിവെ സാംബുദ്ല രണ്ട് വിജയങ്ങൾ സ്വന്തമാക്കി. ഹൈദരാബാദ് ബ്ലാക്ക്ബേർഡ്സിന്റെ ഭുവൻ ബോനുവാണ് ഒരു റേസിൽ ഒന്നാമതെത്തിയത്.
റേസ് ഒന്നിലും മൂന്നിലും വിജയിച്ച സാംബുദ്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അരിസ് ക്യാരികൗവുമായുള്ള പോയിന്റ് വ്യത്യാസവും കുറഞ്ഞു. മൂന്ന് റേസുകളിലും പോഡിയം ഫിനിഷ് നേടിയ ക്യാരികൗ 93 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സാംബുദ്ല 88 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഭുവൻ ബോനു 51 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. സീസണിൽ ഇനി നാല് റൗണ്ടുകൾ കൂടി ബാക്കിയുണ്ട്. അടുത്ത റൗണ്ട് ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് നടക്കുക.
