SportsTrending News

പോർച്ചുഗൽ കുപ്പായത്തോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മദീര: ഫുട്ബോൾ ലോകത്തെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പോർച്ചുഗൽ ദേശീയ ടീമിനായുള്ള തന്റെ 23 വർഷത്തിലേറെ നീണ്ട കരിയറിനാണ് 41-കാരനായ താരം വിരാമമിടുന്നത്. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം പോർച്ചുഗൽ ജേഴ്സി അഴിച്ചുവെക്കുമെന്നാണ് റൊണാൾഡോ അറിയിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താരം തീരുമാനം ആരാധകരെ അറിയിച്ചത്. ‘പോർച്ചുഗൽ എന്നും എന്റെ ഉള്ളിലുണ്ടാകും’ എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിനായി കളിക്കാൻ ലഭിച്ച അവസരത്തിനും പിന്തുണച്ച ആരാധകർക്കും സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി അറിയിച്ചാണ് വിടവാങ്ങൽ പ്രഖ്യാപനം.

പോർച്ചുഗൽ ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമെന്ന റെക്കോർഡുമായാണ് റൊണാൾഡോ പടിയിറങ്ങുന്നത്. രാജ്യത്തിനായി 234 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 146 ഗോളുകളാണ് നേടിയത്. 2003ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം.

2016ലെ യൂറോ കപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ 2019ലും 2025ലും പോർച്ചുഗലിന്റെ നേഷൻസ് ലീഗ് കിരീടവിജയത്തിലും പങ്കാളിയായി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര കരിയറിലൂടെ പോർച്ചുഗീസ് ഫുട്ബോളിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് താരം വിടവാങ്ങുന്നത്.