ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
കൊച്ചി: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസിപിയോട് കേസ് ഡയറിയുമായി ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് 17കാരന്റെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 28 അക്കൗണ്ടുകൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ 25നാണ് 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റങ്ങൾ ചുമത്തി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധമുയർന്നതോടെയാണ് പിന്നീട് കുറ്റകരമായ നരഹത്യാ വകുപ്പ് കൂടി ഉൾപ്പെടുത്തിയത്. അതേസമയം, 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ വാദം കേൾക്കുന്നതിനായാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.
അപകടസ്ഥലത്തെത്തി ജഡ്ജിയും ഭാര്യയും തെളിവുകൾ നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
