KeralaTrending News

അനധികൃത സ്വത്ത്‌സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവ്

കോട്ടയം: അനധികൃത സ്വത്ത്‌സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ.വി. രജനീഷാണ് വിധി പ്രസ്താവിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ 135 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. 2003 മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64,70,891 രൂപയുടെ അനധികൃത സമ്പാദ്യം നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര ദശാബ്ദത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേസ് കോട്ടയം വിജിലൻസ് കോടതിയിൽ പരിഗണിക്കുകയായിരുന്നു.

കേസിൽ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 271 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വത്തുക്കൾ കുടുംബസ്വത്താണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അതേസമയം, 2007ന് ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പരാതിക്കാരനായ ബോബി കുരുവിള ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷയിൽ ഇളവ് നൽകണമെന്ന് തച്ചങ്കരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗിയാണെന്ന കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ തച്ചങ്കരി 2023ൽ മനുഷ്യാവകാശ കമ്മീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്.