ജനപ്രിയമായി പ്രിയദർശിനി പദ്ധതി, സൗജന്യയാത്രക്കാർ 15.51 കോടി കടന്നു, കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ഇടുക്കിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ. ഏറ്റവും കുറവ് യാത്രക്കാർ ഇടുക്കി ജില്ലയിലാണ്. ജൂൺ 15ന് ആരംഭിച്ച പദ്ധതിയിൽ ഈ മാസം 11 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 15,51,01,072 സ്ത്രീകളും ട്രാൻസ്ജെൻഡർ യാത്രക്കാരും സൗജന്യമായി യാത്ര ചെയ്തു. ഇവരുടെ ടിക്കറ്റുകളുടെ ആകെ മൂല്യം 330.04 കോടി രൂപയാണ്.
തിരുവനന്തപുരം ജില്ലയിൽ 3,74,24,082 യാത്രക്കാരാണ് പദ്ധതിയുടെ പ്രയോജനം നേടിയത്. ഇവരുടെ ടിക്കറ്റ് മൂല്യം 65,19,10,690 രൂപയാണ്. ഇടുക്കിയിൽ 38,09,962 യാത്രക്കാർ സൗജന്യയാത്ര നടത്തിയപ്പോൾ ടിക്കറ്റ് മൂല്യം 11,34,25,122 രൂപയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിൽ 16 മണ്ഡലങ്ങളിലായി 40,06,806 യാത്രക്കാരാണ് സൗജന്യയാത്ര നടത്തിയത്. ടിക്കറ്റ് മൂല്യം 12,40,91,236 രൂപയാണ്. യാത്രക്കാരുടെ എണ്ണത്തിൽ മലപ്പുറം രണ്ടാം സ്ഥാനത്താണ്.
മൂന്ന് നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള വയനാട്, യാത്രക്കാരുടെ എണ്ണത്തിൽ മലപ്പുറത്തേക്കാൾ മുന്നിലാണ്. ജില്ലയിൽ 87,92,270 യാത്രക്കാർ സൗജന്യയാത്ര നടത്തി. ടിക്കറ്റ് മൂല്യം 20,90,25,232 രൂപയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളേക്കാൾ മുന്നിലാണ് വയനാട്.
