BusinessKerala

ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ “ഗോൾഡൻ ജൂബിലി ബ്ലോക്ക്” ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും

കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1971 സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കൊച്ചിൻ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിലാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രവർത്തിക്കുന്നത്. ആതുര ശുശ്രൂഷ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ആശുപത്രിയിൽ കാർഡിയോളജി, ഓങ്കോളജി, ഗ്യാസ്ട്രോ എൻ്ററോളജി, ജനറൽ മെഡിസിൻ, ന്യൂറോളജി, യൂറോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാണ്.


24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ഫാർമസി, ലബോറട്ടറി, എം.ആർ.ഐ, സി.ടി സ്കാൻ, അൾട്രാസൗണ്ട്, എക്സ്റേ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ട്.
ഹൃദയ ചികിത്സാ രംഗത്ത് പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഇവിടെ ഓപ്പൺ ഹാർട്ട് സർജറിക്ക് പകരം കീഹോൾ സർജറിയും ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ ഘടിപ്പിച്ച ഖ്യാതിയും ഉണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിത്സ, സർജറികൾ, ഡയാലിസിസുകൾ എന്നിവയും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ പ്രത്യേകതകളാണ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും.

ഇന്ദിരാഗാന്ധി ആശുപത്രി അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൊച്ചിൻ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽസ് സൊസൈറ്റി പ്രസിഡന്റ് എം.ഒ.ജോൺ അധ്യക്ഷത വഹിക്കും, സൊസൈറ്റി സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുൽ മുത്തലിബ്, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ ഹിഷാം, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.വി.കെ. മിനിമോൾ, എം.എൽ.എമാരായ ടി.ജെ.വിനോദ്,
മുഹമ്മദ് ഷിയാസ്, ഉമ തോമസ് എന്നിവരും സൊസൈറ്റി ഡയറക്ടർമാരായ അഗസ്റ്റസ് സിറിൽ, ടി.എച്ച്.റഷീദ്, ആലപ്പാട്ട് മുരളീധരൻ, ഡോ.ഹസീന മുഹമ്മദ്, ഇക്ബാൽ വലിയവീട്ടിൽ, ഇന്ദിരാ ഭായ് പ്രസാദ്, എൻ.എ.അബ്രഹാം, പി.ഡി.അശോകൻ, കെ.പി.വിജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ.സച്ചിദാനന്ദ കമ്മത്ത് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി അജയ് തറയിൽ പറഞ്ഞു.


വാർത്താ സമ്മേളനത്തിൽ ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് എം.ഒ.ജോൺ,
സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, മറ്റ് ഡയറക്ടർമാരും പങ്കെടുത്തു.