യുഡിഎഫ് യോഗം ചേരുന്നില്ല, പല തീരുമാനങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ; അതൃപ്തി തുറന്നുപറഞ്ഞ് അടൂർ പ്രകാശ്
തിരുവനന്തപുരം: യുഡിഎഫിലെ ഏകോപനക്കുറവിലും മുന്നണി തീരുമാനങ്ങളിൽ മതിയായ കൂടിയാലോചന നടക്കാത്തതിലും പരസ്യ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണി യോഗം വിളിക്കുന്നതിൽ യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻകൈ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങൾ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാനുണ്ടെങ്കിലും യോഗം ചേരാത്തതിനാൽ അതിന് സാധിക്കുന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രതികരണം. കൺവീനർ എന്ന നിലയിൽ തനിക്ക് പല കാര്യങ്ങളും അറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ ഏകോപനക്കുറവുണ്ടായതായും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ഉത്തരവാദിത്തമാണെങ്കിലും അതിന് ചെയർമാന്റെ അനുമതി ആവശ്യമാണ്. മുന്നണിയിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും അർഹരായവർക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.കെ. മുനീറിന് ഉൾപ്പെടെ ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ളവർക്കാണെന്ന കാര്യത്തിൽ തനിക്ക് എതിർപ്പില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ ഇത്തരം സുപ്രധാന തീരുമാനങ്ങളിൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നെ യാതൊരു ചർച്ചയിലും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനങ്ങൾ പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇത് മുന്നണി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അവഗണിക്കുന്നുണ്ടോയെന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. തന്റെ അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൺവീനർ സ്ഥാനത്തേക്ക് തന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണെന്നും മുന്നണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ വിവരങ്ങൾ ലഭിക്കേണ്ടത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ല തന്റെ ഉദ്ദേശ്യമെന്നും എന്നാൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പല സുപ്രധാന കാര്യങ്ങളും അറിയാതെ പോകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
