World

വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ രക്ഷകനായി യാനിവ്; ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ കണ്ട പരിചയം നിർണായകമായി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിച്ചപ്പോൾ ദുരന്തം ഒഴിവാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇസ്രേലി യാത്രക്കാരനായ യാനിവ് ഹായൂണും. പ്ലംബർ ജോലി ചെയ്യുന്ന ഹായൂൺ, മറ്റ് യാത്രക്കാർക്കൊപ്പം കോക്ക്പിറ്റിലെത്തി ആക്രമിയെ കീഴടക്കുകയും താഴേക്ക് പതിച്ചുകൊണ്ടിരുന്ന വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ മാറ്റമുണ്ടാകുകയും ചെയ്തതോടെയാണ് യാനിവിന് അസ്വാഭാവിക സാഹചര്യം മനസിലായത്. ഇതിനിടെ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ച്ഛർ കോക്ക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് യാനിവും മറ്റ് യാത്രക്കാരും കോക്ക്പിറ്റിനുള്ളിലേക്ക് കടന്നത്. കോക്ക്പിറ്റിലെത്തിയപ്പോൾ സ്മിത് മച്ച്ഛർ രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്നതും മറ്റൊരു പൈലറ്റ് നിയന്ത്രണ പാനലിന് സമീപം നിൽക്കുന്നതുമാണ് കണ്ടതെന്ന് യാനിവ് പറഞ്ഞു. അക്രമിയെ പിന്നിൽ നിന്ന് പിടികൂടി കോക്ക്പിറ്റിന് പുറത്തേക്ക് വലിച്ചിഴച്ച അദ്ദേഹം പിന്നീട് വിമാനത്തിന്റെ നിയന്ത്രണത്തിൽ ഇടപെട്ടു.

വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ സഞ്ചരിക്കവെയാണ് അതിവേഗം താഴേക്ക് പതിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് അടി ഉയരം നഷ്ടപ്പെട്ട വിമാനം ഏകദേശം 17,000 അടി വരെ താഴ്ന്നതായി ഫ്ലൈറ്റ് ഡാറ്റ വ്യക്തമാക്കുന്നു. തുടർന്ന് യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ കോക്ക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുത്തു. വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ നിയന്ത്രണത്തിൽ ഇടപെട്ടത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ എന്ന ടെലിവിഷൻ പരിപാടി പതിവായി കാണാറുണ്ടെന്നായിരുന്നു യാനിവിന്റെ മറുപടി. വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സ്റ്റിക്ക് പിന്നിലേക്ക് വലിച്ചതായും അദ്ദേഹം വിശദീകരിച്ചു. സംഭവത്തിന് ശേഷം ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിലെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് കണ്ടിരുന്നു. സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് യാനിവ് അദ്ദേഹത്തെ കണ്ടത്.

രക്ഷാപ്രവർത്തനത്തിൽ മറ്റൊരു യാത്രക്കാരനായ ഡോ. ഷോട്ട മുസയേവും നിർണായകമായി ഇടപെട്ടു. ഹെഡ്ഫോൺ വയറുകളും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് ആക്രമിയുടെ കൈകാലുകൾ ബന്ധിക്കുകയും ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനമാണ് സംഭവത്തെ തുടർന്ന് തബൂക്കിൽ അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന് ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം ചികിത്സയിലാണ്. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.