സത്യദീപം ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 8ന്
കൊച്ചി: 1927 ൽ സ്ഥാപിതമായ സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ആഗസ്റ്റ് 8 വൈകീട്ട് 6 മണിക്ക് കലൂർ റിന്യൂവൽ സെന്ററിൽ നിർവഹിക്കും. കാർഡിനൽ ജോസഫ് പാറേക്കാട്ടിലിന്റെ പേരിൽ സത്യദീപം ഏർപ്പെടുത്തിയിരിക്കുന്ന കാർഡിനൽ പാറേക്കാട്ടിൽ – സത്യദീപം സാഹിത്യപുരസ്കാരം,
ടി.പത്മനാഭനു മുഖ്യമന്ത്രി സമർപ്പിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനും കേരളത്തിൽ നിന്നുള്ള ആദ്യത്തെ കാർഡിനലും സത്യദീപത്തിന്റെ പത്രാധിപരുമായിരുന്നു കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ. പുരസ്കാര നിർണയ സമിതി അധ്യക്ഷൻ പ്രൊഫ.എം.തോമസ് മാത്യു പുരസ്കാരത്തെ കുറിച്ചു സംസാരിക്കും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണവും, സുപീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണവും നടത്തും. സമ്മേളനത്തിൽ, ഗ്രന്ഥപ്പുര.ഓർഗ് അതിന്റെ എറണാകുളം സെന്ററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയിരിക്കുന്ന പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി.എം.ജോൺ നിർവഹിക്കും. സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ.എം.പി പ്രകാശനം ചെയ്യും.
ടി.ജെ.വിനോദ് എംഎൽഎ, മനോജ് മൂത്തേടൻ എംഎൽഎ എന്നിവർ പ്രസംഗിക്കും. സത്യദീപം ചീഫ് എഡിറ്റർ ഫാ.മാർട്ടിൻ എടയന്ത്രത്ത് സ്വാഗതവും വിയാനി പ്രിന്റിംഗ്സ് ഡയറക്ടർ ഫാ.ജസ്റ്റിൻ കൈപ്രമ്പാടൻ നന്ദിയും പറയും.
പൊതുസമ്മേളനത്തിനു മുമ്പായി 5 മണിക്കു നടത്തുന്ന സത്യദീപം: ചരിത്രം, വർത്തമാനം എന്ന സംവാദസദസ്സിൽ പി എഫ് മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ.കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ സംസാരിക്കും.
