കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം തുടരും; രാത്രി 11 മണിക്ക് ശേഷം അനുമതിയില്ല
കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണം തുടരും. കൊച്ചി സിറ്റി പോലീസ് പരിധിയില്‍ രാത്രി 11ന് ശേഷം ഡിജെ പാര്‍ട്ടികളും ഉയര്‍ന്ന ഡെസിബെലില്‍ ഉള്ള സംഗീത പരിപാടികളും നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സിറ്റി പോലീസ് കമ്മിഷ്ണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.ഈ ഉത്തരവ് നിലവില്‍ 15 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. പുലര്‍ച്ചെ വരുന്ന നീളുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികളായി മാറുന്ന സാഹചര്യത്തിലായിരുന്നു പോലീസ് കമ്മിഷണറുടെ ഉത്തരവ്.
ഡിജെ പാര്‍ട്ടികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരുന്നു. കടവന്ത്ര ആഡംബര ഹോട്ടലില്‍ പുലര്‍ച്ചെ നടന്ന വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയെ തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ലഹരി വിതരണം ചെയ്യുന്ന കെവിന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും ലഹരി വാങ്ങുന്നവരെയും വില്ക്കുന്നവരെയും പോലീസ് പിടികൂടിയിരുന്നു.
