കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്; ‘കെ എം എബ്രഹാം മനഃപൂർവം സൃഷ്ടിച്ചത്, കേസ് നിയമനടപടികൾക്കനുസരിച്ച് മുന്നോട്ടുപോകട്ടെ’; ആർ ചന്ദ്രശേഖരൻ
തിരുവനന്തപുരം: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന്‍ കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്നേകാല്‍ വര്‍ഷം മാത്രമാണ് താന്‍ ചെയര്‍മാനായി ഇരുന്നത്. കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
താനോ മറ്റൊരാളോ കേസുമായി ബന്ധപ്പെട്ട് ഒരു കമന്റ് പോലും പറയേണ്ട കാര്യമില്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 2006 മുതല്‍ 2016 വരെയുള്ള 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 10 വര്‍ഷത്തില്‍ മൂന്നേകാല്‍ വര്‍ഷമാണ് ഞാന്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നത്. ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഒരു വിദേശ ഇറക്കുമതിയും നടത്തിയിട്ടില്ല. കണ്ടെംപ്റ്റ് കേസില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്ക് പോകും. കേസില്‍ ഒരു അഴിമതിയും ഉണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ ഇല്ല. സ്റ്റോക്ക് പര്‍ച്ചേസിംഗ് മാനുവല്‍ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് മാത്രമാണുള്ളത്. എന്താണ് പരാതിക്കാരന്റെ ആഗ്രഹം എന്നുള്ളത് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. താന്‍ മൂന്നുവര്‍ഷം ചെയര്‍മാനായിരുന്നത് കൊണ്ട് പത്ത് വര്‍ഷത്തെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.
കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണിതെന്നും അദ്ദേഹം ആരോപിച്ചു. അതില്‍ അദ്ദേഹത്തിന് കിട്ടിയ മരുന്ന് എന്താണ്. പരാതിക്കാരന്റെ ഉദ്ദേശം എന്താണ്. കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥാപനത്തിനെതിരെ പരാതിക്കാരന്‍ വിവരാവകാശം നേരത്തെ കൊടുത്തിട്ടുണ്ടോ. രാഷ്ട്രീയപരമായോ വ്യക്തിപരമായോ അദ്ദേഹത്തിന് എന്തെങ്കിലും വിരോധം എന്നോടുണ്ടോ. ഒരു സര്‍ക്കാര്‍ വരുകയും ബന്ധപ്പെട്ട പദവികളിലേക്ക് ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ പൊങ്ങിവരും – അദ്ദേഹം പറഞ്ഞു.
