KeralaTrending News

ആരോഗ്യ മേഖലയിൽ കൊച്ചി നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹം:മന്ത്രികെ.മുരളീധരൻ

കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ ഇടങ്ങളിലായി 38 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കി കൊണ്ടുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ ആരോഗ്യ മേഖലയിൽ അഭിനന്ദനാർഹമാണെന്ന് എറണാകുളം മാർക്കറ്റിന് സമീപമുള്ള നഗരസഭയുടെ 38-ാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യവേ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കൊച്ചി നഗരസഭയുടെ പുതിയ ഭരണസമിതി അധികാരത്തിലേറി കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മികച്ച നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ തന്നെ കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കിക്കൊണ്ട് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചത് വളരെ നല്ല പ്രവർത്തനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മേയർ അഡ്വ. മിനിമോൾ.വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ.എം.പി, ടി.ജെ.വിനോദ്. എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ അഷ്റഫ്, ആന്റണി പൈനുതറ, കെ.എം.മനാഫ്, അഡ്വ.നസീമ, ഷാകൃത സുരേഷ്, ജിസ്മി ജെറാൾഡ്, ഡിവിഷൻ കൗൺസിലർ ടൈസൺ, എൻ.എച്. എം പ്രോഗ്രാം മാനേജർ ഡോ : ഹനീഷ് എം.എം തുടങ്ങിയവർ പ്രസംഗിച്ചു.