KeralaTrending News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസവും ദൗത്യം അവസാനിച്ചു, നാളെയും തുടരും ശ്രമം

ഇടുക്കി: ചിന്നക്കനാലിൽ ഭീഷണിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടർച്ചയായ രണ്ടാം ദിവസവും പരാജയപ്പെട്ടു. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ കഴിയാത്തതാണ് ദൗത്യത്തിന് തിരിച്ചടിയായത്. നാളെയും ശ്രമം തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.

രാവിലെ എട്ടുമണിയോടെ ട്രാക്കിങ് സംഘം ചക്കക്കൊമ്പന്റെ സ്ഥാനം കണ്ടെത്തി. തെർമൽ ഡ്രോൺ ഉപയോഗിച്ചും ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ചെമ്പകത്തൊഴുക്കുടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആന മണിക്കൂറുകളോളം അവിടെത്തന്നെ തുടർന്നു. 301 കോളനി ഭാഗത്തേക്ക് ആനയെ തുരത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ പദ്ധതി. എന്നാൽ ആനയെ ലക്ഷ്യമിട്ട സ്ഥലത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

ഉച്ചയ്ക്കുശേഷം ചെമ്പകത്തൊഴുക്കുടി സെറ്റിൽമെന്റിലെ എട്ടേക്കർ ഭാഗത്തേക്ക് നീങ്ങിയ ചക്കക്കൊമ്പൻ അവിടെത്തന്നെ നിലയുറപ്പിച്ചു. മയക്കുവെടി പ്രയോഗിക്കാൻ അനുയോജ്യമായ സ്ഥലമല്ലാത്തതിനാലും വെളിച്ചം കുറഞ്ഞുതുടങ്ങിയതിനാലും വൈകിട്ട് അഞ്ചുമണിയോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

എട്ടേക്കർ ഭാഗത്തുനിന്ന് ബോഡിമെട്ട് അല്ലെങ്കിൽ തോണ്ടിമല ഭാഗത്തേക്ക് ആന നീങ്ങിയാൽ മതികെട്ടാൻ ചോലയിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് ദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാകുമെന്നതിനാൽ പ്രത്യേക സംഘം ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. നാളെ രാവിലെ വീണ്ടും ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.