തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട്, ഗതാഗതം താറുമാറായി
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. തമ്പാനൂർ, വഞ്ചിയൂർ, കിഴക്കേക്കോട്ട തുടങ്ങിയ മേഖലകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. വഞ്ചിയൂർ കോടതിക്ക് മുന്നിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങിയതോടെ പല വാഹനങ്ങളും വഴിതിരിച്ചുവിട്ടു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായത്. തമ്പാനൂരിലും കിഴക്കേക്കോട്ടയിലും അരമണിക്കൂറിനിടെ 68 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർ ഏറെ ദുരിതത്തിലായി. അതേസമയം, ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണ പരാജയമാണെന്ന വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
നഗരത്തിലെ വെള്ളക്കെട്ടിന്റെ പൂർണ ഉത്തരവാദിത്വം കോർപ്പറേഷനാണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ജനപങ്കാളിത്തത്തോടെ നടത്തേണ്ട മഴക്കാലപൂർവ ശുചീകരണം ഇത്തവണ കാര്യക്ഷമമായിരുന്നില്ലെന്നും പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ, ദേശീയപാത വിഭാഗങ്ങൾ എന്നിവയുടെ കീഴിലുള്ള ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
