KeralaTrending News

അഭിറാം കൊലക്കേസ്: ടവർ ലൊക്കേഷൻ മറയ്ക്കാൻ ഉമറിന്റെ ആസൂത്രിത നീക്കം; കാമുകിക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തൽ

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാമിന്റെ കൊലപാതകത്തിന് പിന്നാലെ അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ ആസൂത്രിത നീക്കം നടത്തിയതായി പൊലീസിന്റെ കണ്ടെത്തൽ. സംഭവസമയത്ത് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഉമർ സ്ഥലത്തില്ലെന്ന് വ്യക്തമാകാതിരിക്കാനായിരുന്നു ശ്രമം. ഇതിനായി ഇയാൾ ഫോൺ വീട്ടിൽത്തന്നെ വച്ചുപോയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകം നടത്തി മടങ്ങിയെത്തുന്നതുവരെ ഫോണിൽ തുടർച്ചയായി ബന്ധം നിലനിർത്തി വീട്ടിൽ ഉണ്ടായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നീക്കമെന്നാണ് പൊലീസ് പറയുന്നത്.

ഉമറിന്റെ കാമുകി ഐശ്വര്യയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അന്വേഷണത്തെ സഹായിക്കുന്നതിന് പകരം നീക്കത്തിൽ പങ്കാളിയായെന്നുമാണ് പൊലീസിന്റെ ആരോപണം. അതേസമയം, അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് കാണാതായ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം സൈബർ സെൽ തുടരുകയാണ്. ചാറ്റുകൾ ഇല്ലാതാക്കിയ രീതിയും പരിശോധിക്കുന്നുണ്ട്. അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായും അഭിറാം പങ്കുവെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽനിന്നും മൊഴിയെടുക്കും. പ്രതികൾ മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. സ്കൂബാ സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്താനായില്ല. നിർണായക തെളിവുകൾക്കായുള്ള തിരച്ചിൽ കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

കൊലപാതകത്തിന് പുറമെ മറ്റൊരാളെക്കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയും പ്രതികൾക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. രണ്ടാമത്തെ ആളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് അഭിറാമിനെ മർദിക്കാൻ കാരണമായതെന്നും അന്വേഷണ സംഘം കരുതുന്നു. സംഭവദിവസം അഭിറാം വീട്ടിൽനിന്ന് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.