KeralaTrending News

‘പിഎം ശ്രീയിൽ പുതിയ നടപടികളില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചകളെക്കുറിച്ച് പുറത്തുവന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാലാണ് അന്തിമ തീരുമാനം വൈകുന്നതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉള്ള സാഹചര്യത്തിൽ പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് മുൻ ഇടതുസർക്കാരാണെന്ന ആരോപണവും മന്ത്രി ആവർത്തിച്ചു.

പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഡൽഹിയിൽ പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര ശിക്ഷാ കേരളവുമായി (എസ്എസ്കെ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഡയറക്ടർ ഡൽഹിയിലെത്തിയത്. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടന്നിരുന്നുവെന്നും പിഎം ശ്രീ സംബന്ധിച്ച് ഡൽഹിയിൽ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഉപസമിതി യോഗങ്ങൾ ചേർന്ന് വിവിധ വശങ്ങൾ പരിശോധിച്ചിട്ടുണ്ടെങ്കിലും അന്തിമ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രളയവുമായി ബന്ധപ്പെട്ട ചുമതലകളിലായിരുന്നതിനാൽ മന്ത്രിമാർക്ക് അന്ന് യോഗം ചേരാൻ സാധിച്ചില്ലെന്നും പിന്നീട് യോഗം വിളിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.