എറണാകുളം ജൂതപ്പള്ളിക്ക് നേരെ ആക്രമണം; പ്രതിയുടെ തീവ്രവാദ ബന്ധം അന്വേഷിച്ച് എൻഐഎ
കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ജൂതപ്പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് നേരെയുണ്ടായ തീവയ്പ്പിൽ അറസ്റ്റിലായ എബിൻ പോളിനെ എൻഐഎ ചോദ്യം ചെയ്തു. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. തീവയ്പ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും ഇയാളുടെ ടെലിഗ്രാം സന്ദേശങ്ങളിൽ ദുരൂഹമായ വിവരങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് എറണാകുളം മാർക്കറ്റിലെ കടവുഭാഗത്തുള്ള ജൂതപ്പള്ളിയുമായി ബന്ധപ്പെട്ട ബ്ലോസമെന്ന നഴ്സറിക്ക് നേരെ തീവയ്പ്പുണ്ടായത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും കാറിനെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോളിന്റെ പിതാവിനെ ആദ്യം കണ്ടെത്തിയ പൊലീസ്, അദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി പിടികൂടുകയായിരുന്നു.
പ്രതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും അന്വേഷണസംഘത്തിന് തുടക്കംമുതൽ സംശയമുണ്ടായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ടെലിഗ്രാം ചാറ്റുകൾ സംശയം വർധിപ്പിച്ചു. ഇയാളെ നിയന്ത്രിക്കുന്ന ഒരാളെ ‘ബോസ്’ എന്ന് വിളിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലുണ്ടായ തീവയ്പ്പിന് പിന്നിലും താനാണെന്ന് എബിൻ സമ്മതിച്ചതായാണ് വിവരം. ഇത്തരം പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോകറൻസി വഴി പണം സ്വീകരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനാണ് എൻഐഎ ഒരുങ്ങുന്നത്.
