ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാസഖ്യം; ഒറ്റക്കെട്ടായി സമരത്തിനൊരുങ്ങി പ്രതിപക്ഷം
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാസഖ്യവും സിജെപിയും. ഇനി വെവ്വേറെ സമരങ്ങളുണ്ടാകില്ലെന്നും സംയുക്ത പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെ ഇന്ത്യാസഖ്യം കോടതിയെ സമീപിക്കും. അതേസമയം, സിജെപിയുടെ നേതൃത്വത്തിൽ ഇന്നും അപ്രതീക്ഷിത പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ തെരുവിലെ സമരം തുടരുമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കനയ്യകുമാർ പറഞ്ഞു. ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
രാംലീല മൈതാനത്ത് പ്രതീകാത്മക പാർലമെന്റ് ചേർന്ന് ഗ്യാനേഷ് കുമാറിനെതിരായ കുറ്റവിചാരണ നടത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം രാഹുൽ ഗാന്ധിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി പ്രതിഷേധസ്ഥലത്ത് പ്രവേശിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സിജെപി നേതാക്കളെ തിഹാർ ജയിലിലടയ്ക്കാൻ ഗൂഢാലോചന നടക്കുന്നതായി സംഘടനയുടെ നിയമകാര്യ വിഭാഗം മേധാവി രത്ന സിങ് ആരോപിച്ചു. അറസ്റ്റിലായ നേതാക്കളെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുണ്ട്.
