SportsTrending News

കേരള ബ്ലാസ്റ്റേഴ്‌സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു; പൂർണ കൈമാറ്റം എട്ട് മാസത്തിനുള്ളിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന്. നിയമപരമായ ചില പ്രശ്നങ്ങൾ കാരണമാണ് ഏറ്റെടുക്കൽ നടപടികൾ വൈകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ അറിയിച്ചു. എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിന്റെ പൂർണ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന് കൈമാറുമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ ഉടമസ്ഥതയ്ക്ക് കീഴിലുള്ള തുടക്കം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ പറഞ്ഞു. ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.

വരാനിരിക്കുന്ന സീസണിലേക്ക് വിദേശ താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആരാധകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിൽ തുടരുമെന്നും വരും ദിവസങ്ങളിൽ പൂർണ ടീമിനെ പ്രഖ്യാപിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു. 2026-27 സീസൺ വരെ ഘട്ടംഘട്ടമായാണ് ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കുക. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പൂർണ കൈമാറ്റത്തിനായുള്ള അന്തിമ കരാറിൽ ഒപ്പുവച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ളതാണ് അൽ ഫർസാൻ ഗ്രൂപ്പ്. അതേസമയം, ഈ സീസണിലെ ക്ലബ്ബിന്റെ വാണിജ്യ, പ്രവർത്തനപരമായ കാര്യങ്ങളുടെ ചുമതല കേരളം ആസ്ഥാനമായ ഓഫിയോ സ്പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയതായി കെബിഎഫ്‌സി സിഇഒ അഭിക് ചാറ്റർജി അറിയിച്ചു. ഉടമസ്ഥാവകാശ മാറ്റത്തോടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലും ടീമിന്റെ രൂപീകരണത്തിലും വരും ദിവസങ്ങളിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.