Business

ഇന്ത്യ എനർജി വീക്ക് 2027ന് കൊൽക്കത്ത വേദിയാകും; കൊച്ചിയിൽ കർട്ടൻ റൈസർ സംഘടിപ്പിച്ച് ബിപിസിഎൽ

കൊച്ചി: സുസ്ഥിര ഊർജ പരിവർത്തനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027ന് കൊൽക്കത്ത വേദിയാകും. 2027 ജനുവരി 28 മുതൽ 31വരെ നടക്കുന്ന സമ്മേളനത്തിൽ ആഗോള ഊർജ മേഖലയിലെ നയരൂപീകരണ വിദഗ്ധർ, ഊർജോല്പാദന കമ്പനികളുടെ മേധാവികൾ, നൂതന ആശയങ്ങൾ നടപ്പാക്കിയ സാങ്കേതിക വിദഗ്ധർ, വൻകിട നിക്ഷേപകർ, വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും. സമ്മേളത്തിനു മുന്നോടിയായി കൊച്ചി, ചെന്നൈ, ഭോപാൽ എന്നിവിടങ്ങളിൽ കർട്ടൻ റൈസർ സംഘടിപ്പിച്ചു.

കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടന്ന ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ് അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, നൂതനാശയങ്ങൾ, പരസ്പര സഹകരണം എന്നിവയിലൂടെ സുസ്ഥിരവും സുരക്ഷിതവുമായ ഊർജ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണ് ഇന്ത്യ എനർജി വീക്ക് 2027 എന്ന് ചാക്കോ എം ജോസ് പറഞ്ഞു.
ഊർജ മേഖലയുടെ വികസനത്തിന് ദിശാബോധം നൽകുന്നതിനായി സമ്മേളനത്തിൽ കൂടുതൽ യുവാക്കളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സഹകരണത്തോടെ, 2023ൽ ബെംഗളൂരുവിൽ തുടക്കമിട്ട ഇന്ത്യ എനർജി വീക്കിന്റെ അഞ്ചാമത്തെ എഡിഷനാണ് കൊൽക്കത്തയിൽ അരങ്ങേറുന്നത്.


നൂതന ആശയങ്ങളും ഊർജ സുരക്ഷയും എങ്ങനെ ഭാവിയെ രൂപപ്പെടുത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രമേയം. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 75,000ലധികം ഊർജ പ്രൊഫഷണലുകളും 700ലധികം പ്രദർശന സ്റ്റാളുകളും സമ്മേളത്തിന്റെ ഭാഗമായി പങ്കെടുക്കും. ഊർജ മേഖലയുമായി ബന്ധപ്പെട്ട് എണ്ണ-വാതകം, എൽഎൻജി, റിഫൈനിങ്, പെട്രോകെമിക്കൽസ്, ഹൈഡ്രജൻ, ജൈവ ഇന്ധനം, പുനരുപയോഗ ഊർജം, സുസ്ഥിര വ്യോമയാന ഇന്ധനം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ പുതിയ സാധ്യതകൾ സമ്മേളനത്തിൽ ചർച്ചയാകും. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ ശുദ്ധമായ ഊർജ സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തിന് വിശാലമായ വേദിയൊരുക്കുകയാണ് ഇന്ത്യ എനർജി വീക്ക് 2027ലൂടെ ലക്ഷ്യമിടുന്നത്.